ഡാറ്റ എന്ന രാജാവും AI എന്ന മന്ത്രിയും

data-is-king-and-ai-is-minister

Written by

in

നമ്മുടെ ജീവിതത്തെയും ഈ ഡിജിറ്റൽ യുഗത്തെയും അദൃശ്യമായി നിയന്ത്രിക്കുന്ന ‘ഡാറ്റ’ (Data) എന്ന രാജാവിനെക്കുറിച്ചാണ് പറയുന്നത്. കേട്ടറിവുകളേക്കാൾ വലുതാണ് ഡാറ്റയെന്ന സത്യം! പച്ചമലയാളത്തിൽ പറഞ്ഞാൽ ‘അടിസ്ഥാന വിവരങ്ങൾ’.

ഇന്ന് ഈ ഡാറ്റാ രാജാവിന് കരുത്തുറ്റ ഒരു മന്ത്രിയുണ്ട്—ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI). ഡാറ്റയും എഐയും കൈകോർക്കുമ്പോൾ നമ്മുടെ വിരൽത്തുമ്പിൽ അത്ഭുതങ്ങൾ ജനിക്കുന്നു. അഞ്ചോളം തലങ്ങളിലൂടെയാണ് ഈ ഡാറ്റാ സാമ്രാജ്യം ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്നത്.

ഒന്നാം തലം: ഡാറ്റ (Data) – അസംസ്കൃത വിവരങ്ങൾ

ഒരു വ്യക്തിയുടെ പേര്, വയസ്സ്, വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ… ഇവയെല്ലാം വെറും അസംസ്കൃത വിവരങ്ങളാണ്. ഉദാഹരണത്തിന് ‘രവി’, ‘ഒറ്റപ്പാലം’ എന്നിങ്ങനെ ഡാറ്റ കമ്പ്യൂട്ടറിൽ കിടക്കുന്നു. ഇതിന് തനിച്ചൊരു അർത്ഥമില്ല. ഇതാണ് ഡാറ്റയുടെ ഒന്നാമത്തെ അടിത്തറ.

രണ്ടാം തലം: ഇൻഫർമേഷൻ (Information) – വിവരങ്ങളുടെ കോർക്കൽ

ഈ ചിതറിക്കിടക്കുന്ന ഡാറ്റകളെ പരസ്പരം ബന്ധിപ്പിക്കുമ്പോഴാണ് അത് ‘ഇൻഫർമേഷൻ’ ആകുന്നത്. അതായത്, ‘രവി’ എന്ന വ്യക്തി താമസിക്കുന്നത് ‘ഒറ്റപ്പാലത്ത്’ ആണ് എന്നൊരു വ്യക്തമായ വിവരം നമുക്ക് ലഭിക്കുന്നു. പക്ഷേ, ഈ വിവരങ്ങളുടെ വിശ്വാസ്യത നമുക്ക് ലഭിക്കുന്ന ഡാറ്റയുടെ കൃത്യതയെ ആശ്രയിച്ചിരിക്കും.

മൂന്നാമത്തെ തലം: നോളഡ്ജ് (Knowledge) – ജ്ഞാനം

“നിന്നെക്കുറിച്ച് എനിക്ക് എല്ലാം അറിയാം!” എന്ന് നമ്മൾ ചിലരോട് പറയാറില്ലേ? ഒരാളെക്കുറിച്ച് ഒരുപാട് വിവരങ്ങൾ നിരന്തരമായി വിശകലനം ചെയ്യുമ്പോൾ നമുക്ക് അയാളെക്കുറിച്ച് ഒരു ‘നോളഡ്ജ്’ ലഭിക്കുന്നു. ഇവിടെയാണ് മെഷീൻ ലേണിംഗ് (Machine Learning) പോലുള്ള എഐ സാങ്കേതികവിദ്യകൾ പണിയെടുക്കുന്നത്. രവിയുടെ മുൻകാല വിവരങ്ങൾ വെച്ച് അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ, കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം, പോകുന്ന സ്ഥലങ്ങൾ, വാങ്ങുന്ന വസ്ത്രങ്ങൾ എന്നിവയിലെ ഒരു പൊതു സ്വഭാവം (Pattern) കമ്പ്യൂട്ടർ മനസ്സിലാക്കുന്നു.

നാലാമത്തെ തലം: ഇന്റലിജൻസ് (Intelligence) – സാമർത്ഥ്യം

വേനൽക്കാലമായാൽ റോഡരികിൽ തണ്ണിമത്തനും കരിമ്പ് ജ്യൂസും വിൽക്കുന്നവരെ കാണാം. ‘വേനൽക്കാലം’ (Trend) ആയതുകൊണ്ട് ആളുകൾ ‘തണുപ്പുള്ളത്’ (Pattern) കുടിക്കാൻ വരും എന്ന കച്ചവടക്കാരന്റെ മുൻകൂട്ടിയുള്ള അനുമാനമാണ് (Prediction) സാമർത്ഥ്യം. ഇന്ന് കച്ചവടക്കാരനേക്കാൾ വേഗത്തിൽ എഐ(AI) ഇത് ചെയ്യും. കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഒരേസമയം വിശകലനം ചെയ്യുന്ന ‘ബിഗ് ഡാറ്റ’ (Big Data) വഴി, നിങ്ങൾ അടുത്തതായി എന്ത് വാങ്ങും എന്ന് പ്രവചിക്കാൻ ആമസോണിനും ഫ്ലിപ്കാർട്ടിനും സാധിക്കുന്നത് ഈ ഇന്റലിജൻസ് ഉള്ളതുകൊണ്ടാണ്.

അഞ്ചാമത്തെ തലം: വിസ്ഡം (Wisdom) – വിവേകം

ബുദ്ധിപൂർവ്വം മനസ്സിലാക്കിയ കാര്യങ്ങളെ ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രവർത്തികമാക്കുന്നതാണ് ‘വിവേകം’. ഇന്ന് എഐ ചാറ്റ്ബോട്ടുകളും (ChatGPT, Gemini പോലെ), സെൽഫ് ഡ്രൈവിംഗ് കാറുകളും ഈ വിവേകത്തിന്റെ തലത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം തീരുമാനങ്ങളെടുക്കാൻ ഇന്ന് കമ്പ്യൂട്ടറുകൾക്ക് സാധിക്കുന്നു.

നമ്മുടെ നിത്യജീവിതത്തിൽ ഈ അഞ്ച് തലങ്ങളും എഐയും എങ്ങനെയാണ് ഇടപെടുന്നത് എന്ന് നോക്കാം:

  • ഫേസ്ബുക്കിലെ സുഹൃത്തുക്കൾ: ഫേസ്ബുക്കിൽ പെട്ടെന്നൊരു ദിവസം നിങ്ങളുടെ പഴയ സ്കൂൾ കൂട്ടുകാരന്റെ പ്രൊഫൈൽ ‘Friend Suggestion’ ആയി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രൊഫൈലിലെ ഡാറ്റയും എഐ അൽഗോരിതങ്ങളും ചേർന്നാണ് ആ പഴയ സൗഹൃദം പൊടിതട്ടിയെടുക്കുന്നത്.
  • ഗൂഗിളിന്റെ മനശാസ്ത്രം: നിങ്ങൾ ഗൂഗിളിൽ ‘മൂന്നാർ’ എന്ന് ജസ്റ്റ് ഒന്ന് സെർച്ച് ചെയ്താൽ മതി. നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് (Cookies) വഴി ഗൂഗിൾ അത് രേഖപ്പെടുത്തും. പിന്നീട് നിങ്ങൾ ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ പോയാൽ അവിടെ മൂന്നാറിലെ റിസോർട്ടുകളുടെയും ട്രിപ്പ് പാക്കേജുകളുടെയും പരസ്യങ്ങൾ വന്ന് നിറയും. നിങ്ങളുടെ മനസ്സ് വായിക്കാൻ ഡാറ്റയ്ക്ക് സാധിക്കുന്നു.
  • ആരോഗ്യ രംഗത്തെ വിപ്ലവം: രോഗലക്ഷണങ്ങളുടെ ഡാറ്റ വിശകലനം ചെയ്ത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താൻ ഇന്ന് AI-ക്ക് കഴിയുന്നുണ്ട്.

ബിസിനസ്സ്, ആരോഗ്യം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി സകല മേഖലകളിലും ഇന്ന് ഡാറ്റ തന്നെയാണ് രാജാവ്. എന്നാൽ ഇതിനൊരു മറുപുറമുണ്ട്. ഒരു സുപ്രഭാതത്തിൽ ഇന്റർനെറ്റിലുള്ള നമ്മുടെ വ്യക്തിപരമായ സകല ഡാറ്റകളും ചോർന്ന് പുറത്തുവന്നാൽ എന്ത് സംഭവിക്കും? 😳

“ഡാറ്റ നിങ്ങൾ ഉദ്ദേശിച്ച ആളല്ല സർ 😎”

നിഴലുകൾ

© 2026 നിഴലുകൾ. abduravoof.com . All rights reserved