കുട്ടിക്കാലത്ത് സ്കൂൾ പൂട്ടുന്ന ആ ഏപ്രിൽ – മെയ് മാസക്കാലം വന്നെത്തിയാൽ പിന്നെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ— ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്നു പോക്ക്! അക്കാലത്തെ ഏറ്റവും വലിയ വിനോദവും ആവേശവും ആ ഒത്തുചേരലായിരുന്നു. പുസ്തകങ്ങളെ എല്ലാം ബാഗിൽ വിശ്രമിക്കാൻ വിട്ടു, കസിൻസ് എല്ലാവരും കൂടി അങ്ങോട്ട് വണ്ടിയിറങ്ങുന്നതോടെ ഉമ്മാന്റെ വീട് ഒരു ഉത്സവപ്പറമ്പായി മാറും. കളിയും ചിരിയും വഴക്കുകളുമായി ആകെ ബഹളമയമായ ദിനങ്ങൾ.
അന്നത്തെ എന്റെ ഏറ്റവും വലിയ ‘ഹീറോ’ മറ്റാരുമായിരുന്നില്ല, എന്റെ മൂത്തമ്മയുടെ മകൻ നൗഷാദ് കാക്കയായിരുന്നു. കാക്കയുടെ കൂടെ തോട്ടിലേക്ക് ചൂണ്ടയിടാൻ പോകുന്നതായിരുന്നു അവധിക്കാലത്തെ ഏറ്റവും വലിയ സാഹസികത. പാടത്തിന്റെ വരമ്പുകളിൽ നടന്ന്, മണ്ണിൽ നിന്നും മണ്ണിരയെ തപ്പിയെടുത്ത് ചൂണ്ടക്കൊളുത്തിൽ കോർക്കുന്നത് ഒരു പ്രത്യേക കലയായിരുന്നു.
തോട്ടിലെ ഒഴുക്കുള്ള വെള്ളത്തിലേക്ക് നൗഷാദ് കാക്ക ചൂണ്ടയിട്ടാൽ, മാന്ത്രികതയിലെന്നപോലെ അടുത്ത നിമിഷം ഇര വിഴുങ്ങിയ മീനുമായി ആ നൂൽ വായുവിൽ പൊങ്ങും. കാക്ക എങ്ങനെയൊക്കെ ചൂണ്ടയിട്ടാലും മീൻ കിട്ടാതിരിക്കാറില്ലായിരുന്നു. മീൻപിടുത്തം എന്നത് വെറുമൊരു വിനോദമല്ല, മറിച്ച് ക്ഷമയും ഏകാഗ്രതയും ചേർന്ന വലിയൊരു കഴിവ് തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. പിന്നീട് എത്രയോ തവണ നൗഷാദ് കാക്കയെ അനുകരിച്ച് ഞാൻ ചൂണ്ടയിടാൻ ശ്രമിച്ചെങ്കിലും, തോൽവിയുടെ കയ്പ്പേറിയ പരാജയമായിരുന്നു എപ്പോഴും ഫലം.
പകൽ വെളിച്ചം മാഞ്ഞ് രാത്രിയുടെ നിശ്ശബ്ദത പടരുമ്പോൾ ഉമ്മാന്റെ വീട്ടുമുറ്റത്ത് മറ്റൊരു വിസ്മയം ഒരുങ്ങും. ചാണകം മെഴുകി വെടിപ്പാക്കിയ ആ തണുത്ത മുറ്റത്ത്, തെങ്ങോലകൾ കൊണ്ടുണ്ടാക്കിയ പായ വിരിച്ചിടും. കസിൻസ് എല്ലാവരും ആ പായയിൽ വട്ടമിട്ടിരിക്കും. നടുവിൽ വലിയൊരു കിണ്ണത്തിൽ ചോറുമായി ഞങ്ങളുടെ പ്രിയപ്പെട്ട വല്ലിമ്മയെത്തും.
എനിക്ക് അന്ന് ചോറിൽ ചെറുപഴം കുഴച്ചു കഴിക്കുന്ന ഒരു ശീലമുണ്ടായിരുന്നു.
എന്നാൽ ഞാനുൾപ്പെടെയുള്ള ചില കുറുമ്പന്മാർക്ക് ചോറുണ്ണാൻ ഭയങ്കര മടിയായിരുന്നു. കളി നിർത്തി ആഹാരം കഴിക്കേണ്ടി വരുന്നതിന്റെ ദേഷ്യത്തിൽ ചിലർ വാശിപിടിച്ച് കരയാൻ തുടങ്ങും. അപ്പോഴാണ് വല്ലിമ്മ തന്റെ ‘അവസാന അടവ്’ പുറത്തെടുക്കുക. ആകാശത്ത് വെള്ളിത്തളിക പോലെ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ ചൂണ്ടി, വല്ലിമ്മ താളത്തിൽ പാടിത്തുടങ്ങും:
“അമ്പിളി മാമ കുമ്പിള് കുത്തി മാമു ഇട്ടൂട് ….
കരയുന്ന കുട്ടികളെ മൂക്ക് ചെത്താൻ കത്തി ഇട്ടൂട്….”
ആ പാട്ടിന്റെ ഈണവും, മൂക്ക് ചെത്തുമെന്ന വല്ലിമ്മയുടെ സ്നേഹം നിറഞ്ഞ ആ ഭീഷണിയും കേൾക്കുമ്പോൾ ഉള്ളിലെ കള്ളക്കണ്ണീരൊക്കെ എവിടെയോ മറയും. പേടിയും കൗതുകവും കലർന്ന കണ്ണുകളോടെ ആകാശത്തേക്ക് നോക്കി ഇരിക്കുമ്പോൾ, വല്ലിമ്മയുടെ കൈകളിൽ നിന്ന് ഉരുളകൾ ഓരോന്നായി ഞങ്ങളുടെ വായിലേക്ക് എത്തുമായിരുന്നു.
